തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഷാർജ ഭരണാധികാരിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രാലയ പ്രതിനിധിയുമുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു ഷാർജ ഭരണാധികാരിയുടെ യാത്രയെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ് എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. റൂട്ട് മാറ്റിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം.
കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തിയത് നേരത്തെ തീരുമാനിച്ചതനുസരിച്ചല്ലെന്ന് സന്ദര്‍ശന രേഖ നേരത്തെ പുറത്ത് വന്നിരുന്നു. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദര്‍ശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റൂട്ട് മാറ്റിയതെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നത്.
















