പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച മന്ത്രി ജി ആര്‍ അനിലിനോട് തർക്കിച്ചു സംസാരിച്ച വട്ടപ്പാറ സിഐക്ക് സ്ഥലം മാറ്റം. സിഐയുടെ പെരുമാറ്റത്തിന് എതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് മന്ത്രി പരാതി അറിയിച്ചതിന് പിന്നാലെയാണ് നടപടി. വട്ടപ്പാറ സിഐ ഗിരിലാലിനെ വിജിലന്‍സിലേക്കാണ് മാറ്റിയിരിക്കുന്നത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രിയോട് കയര്‍ത്ത് സംസാരിച്ച സിഐയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
മന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട സ്ത്രീയെ രണ്ടാം ഭര്‍ത്താവ് മര്‍ദിച്ചത് സംബന്ധിച്ച് യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം സ്ത്രീ മന്ത്രിയെ നേരില്‍ കണ്ട് പരാതിയായി അറിയിച്ചു. ഇതേതുടര്‍ന്ന് മന്ത്രി സ്‌റ്റേഷനില്‍ വിളിച്ച് കാര്യമന്വേഷിച്ചപ്പോഴാണ് സിഐയുമായി തർക്കിച്ചു സംസാരിച്ചത്. സ്ത്രീക്ക് അനുകൂലമായി നടപടിയെടുക്കണമെന്ന് മന്ത്രി പറയുമ്പോള്‍ നീതിയുക്തമായി താന്‍ കാര്യങ്ങള്‍ ചെയ്‌തോളാമെന്നാണ് സിഐ പറയുന്നത് .
















