കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. എം.എസ്. സുജിത് കുമാറാണ് പിടിയിലായത്.
വിജിലൻസാണ് ഇയാളെ അറസ്റ്റു ചെയ്തത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
മുണ്ടക്കയം സ്വദേശിയിൽ നിന്നും ഹെർണിയ ഓപ്പറേഷന് 5000 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ശസ്ത്രക്രിയയ്ക്കായി ആദ്യം 2000 രൂപ മുന്‍കൂറായി വാങ്ങിയ ഡോക്ടര്‍ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ രോഗിയെ സര്‍ജറിക്ക് വിധേയനാക്കി. സര്‍ജറി കഴിഞ്ഞ ശേഷം വാര്‍ഡില്‍ കിടന്നിരുന്ന രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി കൈക്കൂലിയായി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മകന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
ഈ മാസം 18 ന് ഓപ്പറേഷൻ നടത്തിയ ശേഷം ആണ് വിജിലന്‍സിന് പരാതി ലഭിക്കുന്നതും ഡോക്ടറെ തെളിവുള്‍പ്പെടെ പിടികൂടാന്‍ പദ്ധതി തയ്യാറാക്കുന്നതും. ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള പരിശോധനാ മുറിയില്‍വെച്ച് പണം കൈമാറുന്നതിനിടയിലാണ് സുജിത്തിനെ വിജിലന്‍സ് പിടികൂടുന്നത്.
















