തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയിൽ സിപിഎം -സിപിഐ ധാരണയായി. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാൽ അതിൽ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്ക് നൽകണമെന്ന നിർദ്ദേശമാണ് സിപിഐ മുന്നോട്ടുവച്ചത്. ഇത് സിപിഐഎം അംഗീകരിച്ചു.
മന്ത്രിമാർക്കെതിരെ പരാമർശം ഉണ്ടായാൽ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും. ഈ നിർദേശങ്ങൾ ഔദ്യോഗിക ഭേദഗതിയായി ബില്ലിൽ ഉൾപ്പെടുത്തും. നാളെ സഭയിൽ അവതരിപ്പിക്കുന്ന ബില്ല് സബ്ജക്ട് കമ്മിറ്റി പരിശോധിച്ച ശേഷം തിരിച്ചെത്തുമ്പോൾ ആകും ഈ മാറ്റം ഉൾപ്പെടുത്തുക. ദേഭഗതി നിർദേശങ്ങൾ പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തി.
ഞായറാഴ്ച നടന്ന സി.പി.ഐ- സി.പി.എം. ചര്‍ച്ചയില്‍ രണ്ട് പ്രധാന നിര്‍ദേശങ്ങളാണ് സി.പി.ഐ. മുന്നോട്ടുവെച്ചത്. ഒന്നുകില്‍ മോഡല്‍ ലോക്പാല്‍ നിയമത്തിന്റെ മാതൃകയില്‍ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യാം. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ ഉത്തരവാണ് ലോകായുക്തയില്‍നിന്നുണ്ടാകുന്നതെങ്കില്‍, അത് സഭയുടെ മേശപ്പുറത്ത് വെക്കണം. കാരണം, സഭാനേതാവായ മുഖ്യമന്ത്രിക്കെതിരായ ഉത്തരവ് സഭതന്നെ ചര്‍ച്ചചെയ്യട്ടേ എന്നായിരുന്നു സി.പി.ഐ. നിര്‍ദേശം. ഇനി മന്ത്രിമാര്‍ക്കെതിരായ ഉത്തരവാണെങ്കില്‍ അത് മുഖ്യമന്ത്രിക്ക് പരിശോധിച്ച് തീര്‍പ്പാക്കാം. ഈ രണ്ടു നിര്‍ദേശങ്ങളാണ് സി.പി.ഐ. മുന്നോട്ടുവെച്ചത്. ഇതില്‍ സഭയില്‍വെച്ച് പരിശോധിക്കാമെന്ന നിര്‍ദേശമാണ് സി.പി.എം. അംഗീകരിച്ചത്. ഇത് ഔദ്യോഗിക ഭേദഗതിയായി തന്നെ കൊണ്ടുവരാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.
സഭയില്‍വെച്ച് തീരുമാനം എടുക്കുക എന്നു പറയുമ്പോള്‍, സഭയിലെ ഭൂരിപക്ഷം അനുസരിച്ചായിരിക്കും തീരുമാനം വരിക. മന്ത്രിമാര്‍ക്കെതിരേ ഉത്തരവുണ്ടാകുന്ന പക്ഷം, തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തിലാണ് മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കേണ്ടിവരിക.
















