കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. ഹർജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസിൽ യുജിസിയെ കക്ഷി ചേർക്കാനും ഉത്തരവിട്ടു.
പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. പ്രിയ വർഗീസിന് അഭിമുഖത്തില്‍ കൂടുതൽ മാർക്ക് ലഭിച്ചപ്പോഴാണ് ജോസഫ് സ്കറിയ പട്ടികയിൽ രണ്ടാമതായത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി.വിവാദമായപ്പോൾ അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.
















