തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. ബദല്‍ നിർദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സി.പി.ഐയോട് ഭേദഗതിയില്‍ പരിശോധന ആകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സി.പി.ഐ വിയോജിപ്പറിയിച്ചത്. ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ സമവായ നിർദ്ദേശങ്ങൾ മുന്നോട്ടുച്ചിട്ടുണ്ട്. സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതി രൂപീകരിക്കണമെന്നും ലോകായുക്തയുടെ തീർപ്പ് തള്ളാൻ അധികാരം നൽകണമെന്നുമാണ് സി.പി.ഐയുടെ സമവായ നിർദേശം.
ഭേദഗതി വരുമ്പോൾ ലോകായുക്തയുടെ തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനായിരിക്കും. അത് പാടില്ലെന്നാണ് നേരത്തേ തന്നെ സി.പി.ഐ ഉന്നയിക്കുന്ന ആവശ്യം. ലോകായുക്തയുടെ മൂർച്ച ഇല്ലാതാക്കുന്ന നടപടിയാണതെന്നാണ് ആദ്യം മുതലേ സി.പി.ഐയുടെ വിമർശനം.
തീർപ്പുകൾ പുനപരിശോധിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിക്ക് നൽകണമെന്നാണ് സി.പി.ഐയുടെ നിർദേശം. നിയമവശങ്ങൾ പരിശോധിച്ച് നടപടി കൈക്കൊള്ളണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത്.
















