തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻകാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഓഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കും ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും 29, 30, 31 തീയതികളിൽ നീല കാർഡുടമകൾക്കും സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെ വെള്ള കാർഡുടമകൾക്കും കിറ്റുകൾ വിതരണം ചെയ്യും.
ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 തിയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. ഓണ ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.
എല്ലാ റേഷന്‍ കാർഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഓഴിവാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം സർക്കാർ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ മുഖേന വാതില്‍പ്പടിയായി എത്തിക്കുന്നതാണ്. അതുപോലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യകിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
















