കണ്ണൂരിൽ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 7മണിക്ക് ആരംഭിച്ചു. വൈകിട്ട് 6 മണി വരെയാണു പോളിങ് നടക്കുക . 35 പോളിങ് സ്റ്റേഷനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക.
വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസത്തിനു മുൻപു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും കാരണമാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളുടെ കൂടെ മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് നടക്കാതിരുന്നത്. ഇടതു, വലതു മുന്നണികളും ബിജെപിയും എല്ലാ വാർഡിലും, എസ്ഡിപിഐ നാല് വാർഡിലും മത്സരിക്കുന്നു. ഒന്നിൽ സ്വതന്ത്രനും മറ്റൊന്നിൽ മുസ്ലിംലീഗ് പ്രവർത്തകൻ വിമതനായും രംഗത്തുണ്ട്.
വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇന്ന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് പ്രകാരം നഗര പരിധിയിലെ മുഴുവൻ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചു. ഇന്നും തിങ്കളാഴ്ചയും മട്ടന്നൂർ നഗരസഭാ പരിധിയിലെ എല്ലാ മദ്യഷാപ്പുകൾക്കും ഡ്രൈഡേ പ്രഖ്യാപിച്ചു.
















