ഖത്തർ ലോകകപ്പിന്റെ ആവേശമുയർത്താൻ ഫാഷൻ ഷോയും സംഗീത വിരുന്നും ഒരുക്കുന്നു. ഡിസംബർ 16ന് ലോകകപ്പ് വേദിയായ 974 ലാണ് ലോകോത്തര ബ്രാൻഡുകളും മോഡലുകളും പങ്കെടുക്കുന്ന ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. ലോകകപ്പ് ഫുട്‌ബോളിനെ ഒരു കാർണിവലാക്കി മാറ്റുകയാണ് ഖത്തർ. ഓരോ നിമിഷവും ആഘോഷിക്കാനുള്ള വിഭവങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലോകകപ്പ് സെമി ഫൈനൽ കഴിഞ്ഞ് ഫൈനൽ വരെ അൽപം ആലസ്യമാകാമെന്ന തോന്നലുണ്ടെങ്കിൽ അത് മാറ്റിവെക്കാം. ഡിസംബർ 16 ന് ലോകകപ്പ് വേദിയായ 974 ൽ അന്താരാഷ്ട്ര ബ്രാൻഡുകളും മോഡലുകളും അണിനിരക്കുന്ന ഫാഷൻ ഷോ, നേതൃത്വം നൽകുന്നത് മോഡലും ഫ്രഞ്ച് ഫാഷൻ എഡിറ്ററുമായ കാരീൻ റോയ്ത്ഫീൽഡ്. അന്നുതന്നെ ലോകപ്രശസ്ത ബാൻഡുകൾ ഒരുക്കുന്ന മ്യൂസിക് ഷോയും അരങ്ങേറും. ഇതിന്റെ വിശദാംശങ്ങൾ ഉടൻ അറിയാമെന്ന് ഖത്തർ മ്യൂസിയം ചെയർ പേഴ്‌സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി ട്വീറ്റ് ചെയ്തു. ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തർ ഒരുക്കുന്ന സാംസ്‌കാരിക വിരുന്നായ ഖത്തർ ക്രിയേറ്റ്‌സിന്റെ ഭാഗമാണ് ഫാഷൻ ഷോയും സംഗീത വിരുന്നും.