ഇറാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഗൾഫ് രാജ്യങ്ങളും വിറച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ രാത്രി ജനങ്ങൾ ഭയന്ന് വീട് വിട്ടിറങ്ങി. എന്നാൽ ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷെ, തുടർചലനം അനുഭവപ്പെടുന്നതിനാൽ പലരും ആശങ്കയിലാണ്. ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്ന് കിടക്കുന്ന ബന്ദർ ഇ ലംഗേയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. യു.എ.ഇയിലെ മിക്കയിടത്തും ഭൂചലനം അനുഭവപ്പെട്ടു. വിളക്കുകളും ഉപകരണങ്ങളും ഇളകാൻ തുടങ്ങിയതോടെ പലരും പേടിച്ച് കെട്ടിടങ്ങൾ വിട്ട് അർധരാത്രി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെല്ലാം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഭൂചലനം അനുഭവപ്പെട്ടു. യു.എ.ഇ സമയം രാത്രി 1.32 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ ഭൗമപഠന കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, യു.എ.ഇയിൽ എവിടെയും അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. പൊലീസ് എത്തിയാണ് രാത്രി പുറത്തിറങ്ങിയ ജനങ്ങളെ വീടുകളിലേക്ക് തിരിച്ചയച്ചത്. എന്നാൽ പുലർച്ചെ മൂന്നോടെ തുടർചലനം അനുഭവപ്പെട്ടതിനാൽ ആളുകൾ പിന്നെയും ഭയചകിതരായി പുറത്തിറങ്ങുകയായിരുന്നു.