സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൗരൻമാർക്ക് ഭരണകൂടം നൽകുന്ന സാമ്പത്തിക സഹായം കുത്തനെ വർദ്ധിപ്പിച്ചു. 20 മുതൽ 67 ശതമാനം വരെയാണ് വർദ്ധനവ്. പരിമിത വരുമാനമുള്ള പൗരന്മാർക്കുള്ള സാമ്പത്തിക സഹായം നൽകുന്നതിനായുള്ള ഫണ്ട് ഈ വർഷം 58 ശതമാനമാണ് വർദ്ധിപ്പിച്ചത്. 438 ദശലക്ഷം ദിർഹമാണ് സഹായം നൽകുന്നതിനായി ഈ വർഷം നീക്കിവച്ചിട്ടുള്ളത്. ദുബായിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയിൽ (സിഡിഎ) രജിസ്റ്റർ ചെയ്തിട്ടുള്ള ഗുണഭോക്താക്കൾക്കാണ് ഈ തുക നൽകുക. മുതിർന്ന പൗരന്മാർ, വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ എന്നിവരുള്ള കുടുംബങ്ങളാണ് സാമ്പത്തിക സഹായത്തിന് അർഹർ. 20 മുതൽ 67 ശതമാനം വരെയാണ് കുടുംബങ്ങളുടെ അധിക ആവശ്യങ്ങൾ അനുസരിച്ച് തുക അനുവദിക്കുക. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ധ്യക്ഷനായ യോഗമാണ് തുക വർദ്ധിപ്പിക്കുവാനുള്ള തീരുമാനം എടുത്തത്. യു എ ഇ പൗരൻമാർക്കാണ് തങ്ങളുടെ മുന്തിയ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സർക്കാർ സ്ഥാപനങ്ങളും സാമൂഹിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.