ഇന്ന് അന്താരാഷ്ട്ര യോഗ ദിനം.യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം.
ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ഈ വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്.
2014 സെപ്തംബർ 27 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) തന്റെ പ്രസംഗത്തിനിടെ ആദ്യമായി ഒരു അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം അവതരിപ്പിച്ചു. പിന്നീട് 2014 ഡിസംബർ 11 ന്, UNGA ജൂൺ 21 ലോക യോഗ ദിനമായി അല്ലെങ്കിൽ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ പ്രഖ്യാപിച്ചു. 2015 മുതൽ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു.
ആരോഗ്യകരമായ മനസിന്റെയും ശരീരത്തിന്റെയും സംയോജനമാണ് യഥാര്‍ത്ഥ ഫിറ്റ്‌നസ്. ഇത് നേടിയെടുക്കാന്‍ ഒരാളെ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് യോഗ.ശരീരത്തിന് വിശ്രമം നല്‍കുന്ന മികച്ച രീതിയായ ഇത് വിഷാദരോഗത്തില്‍ തുടങ്ങി ശാരീരികമായ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
മാനസികാരോഗ്യം
ഒരാള്‍ക്ക് യോഗ നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ഏറ്റവും അവഗണിക്കപ്പെടുന്നതുമായ കാര്യങ്ങളില്‍ ഒന്നാണ് ഇത് മാനസികാരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍. ഒരു നല്ല യോഗാശീലം അവലംബിക്കുന്നത് ഒരു വ്യക്തിയില്‍ ദൈനംദിന ജീവിതത്തിലെ ചുറ്റുപാടുകളെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കികൊണ്ട് അവരെ കൂടുതല്‍ ബോധവാന്മാരാക്കുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ തെരഞ്ഞെടുക്കാനും, അവരുടെ ശരീരത്തിന്റെ ആവശ്യകതകളില്‍ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം യോഗ ചെയ്യുന്നത് വഴി ഒരാള്‍ക്ക് സാധിക്കുന്നു.ദൈനംദിന ജീവിതത്തില്‍ ഏകാഗ്രതയും മനസാന്നിധ്യവും വീണ്ടെടുക്കാനും ഇതുവഴി സാധിക്കുന്നു. ധ്യാനം യോഗയിലെ അവിഭാജ്യ ഘടകമാണ്. ഒരാളുടെ മാനസികാരോഗ്യ നിലയെ സ്വാധീനിക്കുന്നതില്‍ ഇതിനും പ്രധാന പങ്കു വഹിക്കാനാകും.
നല്ല ഉറക്കം നേടിയെടുക്കാന്‍
ദിവസവും കൃത്യമായ ഉറക്കവും വിശ്രമവും ശരീരത്തിന് ലഭിച്ചെങ്കില്‍ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താനാവുകയുള്ളൂ. എന്നാല്‍ നല്ല യോഗ ശീലം ജീവിതത്തിന്റെ ഭാഗമാക്കുന്നത് വഴി ശെരിയായ ഉറക്കം നേടാനാകും.ശവാസനം, യോഗ നിദ്ര മുതലായ യോഗാസനങ്ങള്‍ നിങ്ങളുടെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് മികച്ച ഉറക്കം ഉറപ്പ് വരുത്തുന്നതാണ്. .
ശ്വാസോച്ഛ്വാസം മികച്ചതാക്കാന്‍
യോഗാസനങ്ങള്‍ ശ്വസനാരോഗ്യത്തെ ഏറ്റവും മികച്ച രീതിയില്‍ സ്വാധിനിക്കുന്നതാണ്. പ്രാണായാമം, അനുലോം വിലോം തുടങ്ങിയ യോഗ വ്യായാമങ്ങള്‍ പരിശീലിച്ചുകൊണ്ട് ശ്വാസോച്ഛ്വാസ രീതികളുമായി കൂടുതല്‍ ബോധപൂര്‍വമായ രീതിയില്‍ ഇടപഴകാനാകും. ഈ ശ്വസന വ്യായാമങ്ങളില്‍ ഒരാള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ശാരീരിക സമ്മര്‍ദത്തെ ഫലപ്രദമായും കൂടുതല്‍ ബോധപൂര്‍വമായും കൈകാര്യം ചെയ്യാന്‍ കഴിയുന്നു. പ്രത്യേകിച്ച് ആസ്ത്മ അല്ലെങ്കില്‍ മറ്റ് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്ക്, ഇത്തരം ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി അവരുടെ ആരോഗ്യ ശൈലിയില്‍ വലിയ മാറ്റമുണ്ടാക്കാം.
ഉയര്‍ന്ന പേശീബലം
ഒരു നല്ല യോഗാ ശീലം ഒരാളുടെ ശാരീരിക വഴക്കത്തിന്റെ പര്യായമായി മാറും. ഓരോ തവണയും ഒരാള്‍ യോഗ ചെയ്യുമ്പോഴും ഇത് ശരീരത്തിലെ ഇതിലെ പേശികളില്‍ ഉയര്‍ന്ന രീതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ യോഗ ചെയ്യുന്നത് വഴി ഇതിന്റെ ലക്ഷണങ്ങള്‍ ക്രമേണ കുറയുന്നത് തിരിച്ചറിയും. സന്ധിവാതം, നടുവേദന തുടങ്ങിയ രോഗാവസ്ഥകളെ ചെറുത്തു നിര്‍ത്താന്‍ ശക്തമായ പേശിബലം ആവശ്യമാണ്. ഇത് നേടിയെടുക്കാന്‍ യോഗാശീലം സഹായിക്കും. അധോ മുഖ സ്വാനാസനം, ഉര്‍ദ്ധ മുഖ സ്വാനാസനം തുടങ്ങിയ യോഗാസനങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും നല്ല പേശീബലം നിലനിര്‍ത്തുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് രോഗത്തെ ചെറുത്തുനിര്‍ത്താന്‍ യോഗ ശീലം സഹായികമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
















