റഷ്യ – യുക്രൈൻ യുദ്ധം തീർത്ത ക്ഷാമത്തിന് പിന്നാലെ, പ്രധാന ധാന്യങ്ങളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ചിക്കാഗോയിൽ 5.9% വരെ ഗോതമ്പ് വില ഉയർന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
ലോക ചരക്ക് വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയർന്നതോടെ വിദേശീയർ കൂടുതൽ ആശ്രയിക്കുന്ന ബ്രെഡ്, കേക്ക്, നൂഡിൽസ്, പാസ്ത തുടങ്ങിയ മിക്ക ഉത്പന്നങ്ങളുടെയും വിലയിലും വർധന രേഖപ്പെടുത്തി.
ഉത്തരേന്ത്യയിലെ കനത്ത ചൂട് വിളകളെ സാരമായി ബാധിച്ചതിനാൽ ഗോതമ്പ് വില ആഭ്യന്തര വിപണിയിലും ഏറെ ഉയർന്നിട്ടുണ്ട്. റെക്കോർഡ് ചൂടും റെക്കോർഡ് വിലയുമാണ് ആഭ്യന്തര വിപണിയിൽ അനുഭവപ്പെടുന്നത്. ചൂട് തരംഗം ഉണ്ടാക്കിയ വിളനാശം ആഭ്യന്തര വിപണിയിൽ ക്ഷാമം ഉണ്ടാക്കുമെന്ന കണക്കിലാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്.
കയറ്റുമതി നിരോധനം ശാശ്വതമല്ലെന്നും അത് പരിഷ്കരിക്കാമെന്നും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ജർമ്മനിയിൽ നടന്ന ഗ്രൂപ്പ് ഓഫ് സെവൻ (ജി 7) രാജ്യങ്ങളുടെ യോഗത്തിൽ നിന്നുള്ള കാർഷിക മന്ത്രിമാർ ഈ തീരുമാനത്തെ വിമർശിച്ചു.
“എല്ലാവരും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ വിപണികൾ അടയ്ക്കാനോ തുടങ്ങിയാൽ, അത് പ്രതിസന്ധി കൂടുതൽ വഷളാക്കും,” ജർമ്മൻ ഭക്ഷ്യ-കൃഷി മന്ത്രി സെം ഓസ്‌ഡെമിർ പറഞ്ഞു.
ആഗോള വ്യാപാരത്തിലും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും ആധിപത്യം പുലർത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഏഴ് “വികസിത” സമ്പദ്‌വ്യവസ്ഥകൾ എന്ന് വിളിക്കപ്പെടുന്ന ഒരു സംഘടനയാണ് G7. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് അവ.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദകരാണ് ഇന്ത്യയെങ്കിലും, വിളയുടെ ഭൂരിഭാഗവും ആഭ്യന്തര വിപണിയിൽ വിറ്റഴിക്കപ്പെടുന്നതിനാൽ, മുമ്പ് ഇന്ത്യ ഒരു പ്രധാന കയറ്റുമതിക്കാരനായിരുന്നില്ല. എന്നാൽ റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിന്റെ ഗോതമ്പ് കയറ്റുമതി ഇടിഞ്ഞു. ഇതോടെയാണ് ഇന്ത്യയുടെ ആവശ്യം ലോകത്തിൽ വർധിച്ചത്.
വരൾച്ചയും വെള്ളപ്പൊക്കവും മറ്റ് പ്രധാന ഉൽപ്പാദകരിൽ വിളകൾക്ക് ഭീഷണിയായതിനാൽ, കമ്മിയുടെ ഒരു ഭാഗം നികത്താൻ ചരക്ക് വ്യാപാരികൾ ഇന്ത്യയിൽ നിന്നുള്ള സപ്ലൈസ് പ്രതീക്ഷിച്ചിരുന്നു. നിരോധനത്തിന് മുമ്പ്, ഈ വർഷം റെക്കോർഡ് 10 ദശലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്യാനായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്.
ആഗോള ഡിമാൻഡിലെ കുതിച്ചുചാട്ടം നേരിടാൻ രാജ്യത്തിന്റെ ഗോതമ്പ് കയറ്റുമതി വർധിപ്പിക്കുന്നതിനെക്കുറിച്ച് തങ്ങൾ ആലോചനയിലാണെന്ന് ഒരാഴ്ച മുമ്പ്, ഇന്ത്യയുടെ വാണിജ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. “ലോകത്തിന് ഭക്ഷണം നൽകാൻ ഇന്ത്യ തയ്യാറാണ്” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയും നടത്തിയിരുന്നു.
അതിനാൽ, നിരോധനം ഒരു പ്രധാന നയ യു-ടേൺ പോലെ തോന്നുന്നതായാണ് വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ വിലയിരുത്തുന്നത്. ഈ തീരുമാനം ഇന്ത്യയുടെ വിദേശനയ വെല്ലുവിളിയായി വിദഗ്ദർ പറയുന്നു. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം സാധനത്തിന്റെ ലഭ്യതക്കുറവിനെയും ആശങ്കകളെയുംക്കുറിച്ചും സൂചന നൽകുന്നു.
ലോകത്തിലെ ഏറ്റവും വലിയ സൂര്യകാന്തി എണ്ണ കയറ്റുമതിക്കാരായ യുക്രൈനിൽ നിന്നുള്ള സപ്ലൈസ് സംഘർഷം മൂലം വെട്ടിക്കുറച്ചതോടെ ഇവയുടെ വിലയും ഉയർന്നിട്ടുണ്ട്. ചോളത്തിന്റെ വിലയിലും കുത്തനെ ഉയർന്നു. ഏപ്രിലിൽ ആഗോള ഭക്ഷ്യവിലയിൽ നേരിയ കുറവുണ്ടായെങ്കിലും കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 30% കൂടുതലാണ് തുടരുന്നതെന്ന് യുഎൻ വ്യക്തമാക്കി.
വർദ്ധിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയും ഊർജ ചെലവിലെ കുതിച്ചുചാട്ടവും ആ ലോകമെമ്പാടും പണപ്പെരുപ്പം ഉയർത്തുന്നു. അത് യുഎസ് ഫെഡറൽ റിസർവ്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന സെൻട്രൽ ബാങ്കുകളെ, വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ പലിശനിരക്ക് ഉയർത്താൻ നിർബന്ധിതരാക്കി. ഇന്ത്യയിലും പണപ്പെരുപ്പം
കുത്തനെ കൂടിയിട്ടുണ്ട്.