മെയ് 12 ലോക നഴ്സ് ദിനം .ജനനം മുതൽ മരണം വരെ മനുഷ്യജീവിതത്തിന്റെ നേർസാക്ഷികളാണ് നഴ്സുമാർ. നഴ്‌സുമാരെ പൊതുവെ വിശേഷിപ്പിക്കുന്നത് ഭൂമിയിലെ മാലാഖമാര്‍ എന്നാണ്. രാവും പകലും വിശ്രമമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന ഇവരെ മാലാഖമാര്‍ എന്നല്ലാതെ വേറൊരു പേരും വിളിക്കാന്‍ സാധിക്കുകയുമില്ല.
നഴ്സുമാർ സമൂഹത്തിന് നൽകുന്ന സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ”നഴ്സുമാർ: നയിക്കുന്ന ശബ്ദം -നഴ്സിങ്ങിനെ വളർത്തുക, അവകാശങ്ങളെ മാനിക്കുക” എന്നതാണ് ഈ വർഷത്തെ അന്തരാഷ്ട്ര നഴ്സ് ദിനത്തിന്റെ പ്രമേയം. ‘ വിളക്കേന്തിയ വനിത’ എന്ന് ലോകം വിശേഷിപ്പിക്കുന്നആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിവസം കൂടിയാണ് ഈ ദിനം.
ലോകാംഗീകാരം നേടിയവരാണ് മലയാളി നഴ്സുമാർ. കാവൽ മാലാഖയെന്ന വിളിപ്പേരിൽ നിന്നും മുന്നണിപ്പോരാളി എന്ന വിളിപ്പേരായിരുന്നു ഭീതി നിറച്ച കോവിഡ് കാലത്ത് നേഴ്സ്മാർക്ക് ലഭിച്ചത്. പി.പി.ഇ കിറ്റിനുള്ളിൽ ഉരുകിയൊലിക്കുമ്പോഴും 24 മണിക്കൂറും രോഗികളുടെ ജീവന് വേണ്ടി ഓരോ നഴ്‌സും സ്വന്തം ജീവൻ മറന്ന് പോരാടി. സമൂഹം ജീവഭയത്താൽ പിന്നോട്ടുപോയപ്പോൾ നഴ്സിംഗ് സമൂഹം ഓരോ രോഗിയെയും പരിചരിച്ചത് ശെരിക്കും വെല്ലുവിളിയോട് കൂടിയാണ് .കോവിഡ് ആദ്യ ഘട്ടത്തിൽ സമൂഹം ഇവരെ അവഗണിച്ചിരുന്നു.എന്നാൽ രോഗബാധിതരെ നഴ്സുമാർ രണ്ടുകൈയും നീട്ടി സ്വീകരിച്ച് സ്‌നേഹവും പരിചരണവും നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.ഇതിനിടക്ക് നിരവധി നഴ്സുമാർക്ക് ജീവൻ നഷ്ടമായി. അനേകം പേർ ഇന്നും പോസ്റ്റ് കൊവിഡ് പ്രയാസങ്ങളിൽ ജീവിക്കുന്നു. വാക്‌സിൻ വിതരണം ഉൾപ്പടെയുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും നഴ്സുമാരുടെ പങ്ക് ലോകം അംഗീകരിച്ചു.
അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു
ഒരു ജീവന്‍ രക്ഷിക്കാന്‍ ഇത്രയും ഒക്കെ പ്രയ്തനങ്ങള്‍ ഇവര്‍ എടുത്തിട്ടും പല അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. പലപ്പോഴും ‘മാലാഖ’ എന്ന വാഴ്ത്തപ്പെടലുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു നഴ്സുമാരുടെ സേവനങ്ങൾ. കൊടിയ ചൂഷണമാണ് സ്വകാര്യമേഖലയിൽ ഈ വിഭാഗം അനുഭവിക്കുന്നത്. മിനിമം വേതനം ഉറപ്പുവരുത്തണമെന്ന സുപ്രീംകോടതി നിർദ്ദേശംപോലും ഭാഗികമായെങ്കിലും നടപ്പിലാക്കിയത് കേരളമുൾപ്പെടെയുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ്. ദൈർഘ്യമേറിയ ജോലി സമയം, ഉയർന്ന ജോലിഭാരം, ജോലിസ്ഥലത്തെ സുരക്ഷപ്രശ്നങ്ങളും എന്നിവ നഴ്സുമാർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ചിലതു മാത്രമാണ്. നഴ്സുമാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ ഇതു ബാധിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. ഏകദേശം 130 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ 80 മുതൽ 90 ശതമാനം വരെ നഴ്സുമാർ മാനസിക പിരിമുറുക്കത്തിന് വിധേയരാകുന്നുണ്ടെന്നും ഏകദേശം 25 ശതമാനം നഴ്സുമാർ വിഷാദരോഗത്തിന് അടിമപ്പെടുന്നുവെന്നും കണ്ടെത്തുകയുണ്ടായി.
നഴ്‌സുമാരുടെ സേവനത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം
ആരോഗ്യ മേഖലയിൽ നഴ്‌സുമാരുടെ അമൂല്യമായ സേവനത്തെ കുറിച്ച് നാം ബോധവാന്മാരായിരിക്കണം. നഴ്‌സിങ് സേവനങ്ങൾ ശക്തിപ്പെടുത്തുന്നത് ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണം. മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റാൻ മിഡ്‌വൈഫുമാരുടെയും നഴ്സുമാരുടെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുക,നഴ്സുമാർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നഴ്‌സുമാർക്ക് പിന്തുണയും പരിരക്ഷയും പ്രചോദനവും നൽകുക എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ 2021ലെ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി റിപ്പോർട്ട് ഊന്നൽ നൽകുന്ന പ്രധാന മേഖലകൾ.
ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്സുമാരുടേതാണ് വരുംനാളുകൾ. അവരുടെ സേവനങ്ങൾ പ്രതിഫലത്തിനുമപ്പുറമാണ്.പൊതുസമൂഹത്തിന്റെ ആരോഗ്യമാണ് സമാധാനത്തിന്റെ വെള്ളക്കുപ്പായം അണിഞ്ഞ ഓരോ നഴ്‌സുമാരുടെയും ലക്ഷ്യം.”ഹാപ്പി നഴ്‌സ് ഡേ”