കോഴിക്കോട്: പാലക്കാട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഹ്‌സിനെയാണ് പിടികൂടിയത്.
കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് ഇയാള്‍ ഒളിവില്‍കഴിയവെയാണ് ഇയാൾ പിടിയിലായത്. സഞ്ജിത് കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. പാലക്കാട്ടുനിന്നെത്തിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖായിരുന്ന സഞ്ജിത്തിനെ 2021 നവംബര്‍ 15-നാണ് ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്. പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്തായിരുന്നു സംഭവം. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച സഞ്ജിത്തിനെ, ബൈക്ക് തടഞ്ഞുനിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

















