കൊച്ചി : മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്ത് ജോൺപോൾ(72) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.ശ്വാസതടസവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി മാസങ്ങളായി ചികിത്സയിലായിരുന്നു.ഐവി ശശിയുടെ ‘ഞാൻ, ഞാൻ മാത്രം’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. ഭരതന്റെ ‘ചാമര’ത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രംഗത്തും സജീവമായി. മലയാളത്തിൽ പ്രമുഖരായ ഭരതൻ, ഐ വി ശശി, മോഹൻ, ഭരത് ഗോപി, പി ജി വിശ്വംഭരൻ, സത്യൻ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകൾക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. 98 ചിത്രങ്ങൾക്ക് രചയിതാവായി.
എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രം നിർമ്മിച്ചു, അതിന് ദേശീയ-സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു. 2014-ൽ ഗ്യാങ്സ്റ്റർ, 2017-ൽ സൈറാബാനു എന്നീ സിനിമകളിൽ അഭിനേതാവായും രംഗത്തെത്തി.സ്‌കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമത്തെ മകനാണ് ജോൺ പോൾ. 1950 ഒക്ടോബർ 29ന് എറണാകുളത്തായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ ജോലി ഉപേക്ഷിക്കുകയായിരുന്നു.

















