ലണ്ടൻ: ഇന്ത്യയിൽ ഇപ്പോൾ വ്യാപകമായി പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയ വിഷയം നരേന്ദ്ര മോദിയോട് ഉന്നയിക്കാൻ ബോറിസ് ജോൻസനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റ് അംഗം രംഗത്ത്. ബ്രാഡ്‌ഫോഡ് വെസ്റ്റ് എം.പിയും ലേബർ പാർട്ടി അംഗവുമായ നാസ് ഷായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ രാജ്യത്തെ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ അക്കമിട്ട് നിരത്തി രംഗത്തെത്തിയിരിക്കുന്നത്. ആൾക്കൂട്ടക്കൊല, ഹിജാബ് വിലക്ക്, ബുൾഡോസർ രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുള്ള ട്വീറ്റ് പരമ്പരയിലൂടെയാണ് നാസ് ഷാ ബോറിസ് ജോൻസനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
”കേവലം വ്യാപാര, രാജ്യാന്തര വിഷയങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല, മനുഷ്യാവകാശ പ്രശ്‌നങ്ങൾകൂടി ആധാരമാക്കി വേണം നമ്മുടെ രാജ്യത്തിന്റെ വിദേശബന്ധങ്ങളെന്നാണ് ഇന്ത്യ സന്ദർശിക്കുന്ന ബോറിസ് ജോൺസന് എനിക്കു നൽകാനുള്ള സന്ദേശം. വളർന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ വിഷയം മോദിയോട് ഉന്നയിക്കണമെന്നാണ് പ്രധാനമന്ത്രിയോട് എനിക്ക് അപേക്ഷിക്കാൻ ഉള്ളത്.”- നാസ് ഷാ ട്വിറ്ററിൽ കുറിച്ചു.
















