തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച് പുനഃരന്വേഷണം വേണമെന്ന ഹർജിയിൽ ഇന്ന് വിധി പറയും.
ബാലഭാസ്കറിന്റെ മാതാപിതാക്കളും ചലച്ചിത്രതാരം സോബിയും നല്‍കിയ ഹർജിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധിപറയുക. മരണത്തിൽ ദുരൂഹത നീക്കണമെന്നും പുനഃരന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അതേസമയം അപകടത്തിൽ ദുരൂഹതയില്ലെന്നും സാധാരണ അപകട മരണമാണെന്നുമായിരുന്നു സിബിഐ കണ്ടെത്തൽ.
എന്നാൽ ബാലഭാസ്‌കറിന്റെ മരണശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടതായാണ് കലാഭവന്‍ സോബി വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്റെ മൊഴി സിബിഐ മുഖവിലക്കെടുത്തില്ലെന്നാണ് സോബിയുടെ പരാതി. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതു പുറത്തുകൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നുമുള്ള നിലപാടിലാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി.
2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒക്‌ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്.

















