പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയാനാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മലാല യൂസഫ്സായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നത്. പ്രൈമറി സ്കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത് തുടരുമെന്നും മലാല ചൂണ്ടിക്കാട്ടി.
അഫാഗാനിസ്താൻ താലിബാൻ പിടിച്ചടക്കിയതിന് ശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും 1996 മുതലേ താലിബാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എതിരാണെന്നും മലാല ആരോപിച്ചു.
അഫ്ഗാനിസ്താനിൽ ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ ഇന്നലെ തുറന്നിരുന്നു. പിന്നാലെയാണ് താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്.
പുതിയ ഉത്തരവ് വരുന്നതു വരെ സിക്സ്ത് ഗ്രേഡിനു മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾ വരേണ്ടതില്ലെന്നാണ് താലിബാന്റെ അറിയിപ്പ്.