സന: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ(33) (Nimisha Priya) വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി സേവ് നിമിഷപ്രിയ ഗ്ലോബൽ ആക്ഷൻ കമ്മിറ്റി. ദയാധനം നൽകി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദയാധനമായി (Blood Money) രണ്ട് കോടി രൂപവരെ നൽകേണ്ടി വന്നേക്കുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ കണക്കുകൂട്ടൽ. ഒരു മാസത്തിനുള്ളിൽ ഈ തുക കണ്ടെത്തണം. നിമിഷ പ്രയയുടെ വധശിക്ഷക്കെതിരെ ഉടൻ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്നും നിമിഷപ്രിയ ഗ്ലോബൽ ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമൻ പൌരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. സനായിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവെച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചു. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാൽ യുവതിയുടെ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.
തലാൽ അബ്ദുമഹ്ദിയുടെ കുടംബത്തിന് ബ്ലഡ് മണി നൽകി വധ ശിക്ഷ ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2017 ജൂലൈ 25 നാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൌരൻ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവർ ആരോപിച്ചിരുന്നു.