തിരുനെല്‍വേലി: വിമാനയാത്രക്കിടെ മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് പിടിയിലായ വിദ്യാര്‍ത്ഥി ലോയിസ് സോഫിയയുടെ പിതാവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നഷ്ടപരിഹാരം ഉത്തരവാദികളായ ഏഴ് പൊലീസുകാരില്‍ നിന്ന് ഈടാക്കി മൂന്ന് മാസത്തിനകം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. മൂന്നര വര്‍ഷം മുമ്പ് ചെന്നൈ-തൂത്തുക്കുടി വിമാനത്തില്‍ വെച്ചാണ് സംഭവം നടന്നത്. അന്നത്തെ തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജനുമായി രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്നാണ് കാനഡയില്‍ പഠിക്കുന്ന തമിഴ് വിദ്യാര്‍ത്ഥി ലോയിസ് സോഫിയ കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചത്.
കാനഡയില്‍ മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രീമതി ലോയിസ് സോഫിയ 2018 സെപ്റ്റംബറില്‍ അവധിക്ക് ഇന്ത്യയില്‍ വന്നപ്പോഴാണ് സംഭവം നടന്നത്. പിതാവ് ഡോ. എഎ സാമിയോടും അമ്മയുമോടൊപ്പം ചെന്നൈയില്‍ നിന്ന് തൂത്തുക്കുടി വിമാനത്തിലായിരുന്നു യാത്ര. ഇതേ വിമാനത്തിലാണ് ബിജെപി അധ്യക്ഷനായിരുന്ന തമിഴിസൈയും യാത്ര ചെയ്തത്. ബിജെപി നേതാവിനെ കണ്ടയുടന്‍ സോഫിയ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് കേന്ദ്രത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.