കീവ്: യുക്രെയ്നെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യൂറോപ്യൻ പാർലമെന്റിനെ ഓൺലൈനായി അഭിസംബോധന ചെയ്യവെയാണ് സെലെൻസ്കിയുടെ പ്രസ്താവന. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. സ്വാതന്ത്ര്യചത്വരം അവർ നശിപ്പിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സെലെൻസ്കി പറഞ്ഞു.
“യുക്രൈൻ ശക്തരാണ്. ആർക്കും തങ്ങളെ തോൽപ്പിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാർ കനത്ത വില നൽകുന്നു. ഞങ്ങൾ ഈ പോരാട്ടത്തെ അതിജീവിക്കും. യുക്രൈൻ ജനത മുഴുവൻ പോരാട്ടത്തിലാണ്. ഇന്ന് യുക്രൈന് ദുരന്തദിനമാണെന്നും സെലൻസ്കി പറഞ്ഞു. ഖാർക്കീവിലെ ഫ്രീഡം സ്ക്വയറിനെതിരെ ഇന്ന് രണ്ട് മിസൈൽ ആക്രമണം ഉണ്ടായി.”- സെലൻസ്കി പറയുന്നു. പുടിൻ തുടങ്ങി വച്ച യുദ്ധത്തിന് ജനങ്ങളാണ് വില നൽകുന്നതെന്നും സെലൻസ്കി പറഞ്ഞു.
യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ എന്ന് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെലെന്‍സ്കിയുടെ പ്രസംഗം അവസാനിച്ചതിന് പിന്നാലെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് കൈയടിക്കുകയും ചെയ്തു. സെലന്‍സ്കിക്ക് പുറമേ യുക്രൈന് പാര്‍ലമെന്റ് സ്പീക്കറും യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
അതേസമയം, റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 406 പേർ മരിച്ചെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. ഖാർകീവിൽ മൂന്ന് കുട്ടികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ ഇന്ത്യൻ വിദ്യാർത്ഥിയാണ്. കീവിനു ശേഷം യുക്രെയ്നിലെ പ്രധാന നഗരമായ ഹർകീവിലെ സർക്കാർ കെട്ടിടം നിമിഷങ്ങൾക്കൊണ്ട് അഗ്നിഗോളമായി തീരുന്ന ദൃശ്യങ്ങൾ യുക്രെയ്ന്റെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.