മോസ്കോ: യുക്രൈനെതിരെ ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദ്മീർ പുടിൻ നിർദേശം നൽകിയതായി റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. സേനാ തലവന്മാർക്കാണ് പുടിൻ നിർദേശം നൽകിയതെന്ന് റഷ്യ ടുഡേ റിപ്പോർട്ട് ചെയ്തു.
അതേസമയം, റഷ്യ-യുക്രൈൻ ചർച്ചയ്ക്ക് വഴിയൊരുങ്ങി റിപ്പോർട്ട്. റഷ്യൻ മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ബെലാറൂസിൽ നിന്ന് ചർച്ച നടത്താൻ യുക്രൈൻ പ്രസിഡന്റ് സെലൻസ്കി സമ്മതിച്ചതായാണ് റിപ്പോർട്ട്. ബെലാറൂസിലേക്ക് ചർച്ചയ്ക്ക് വരുന്ന യുക്രൈൻ സംഘത്തിന് സുരക്ഷയൊരുക്കുമെന്നും റഷ്യ അറിയിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രൈനുമായി ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യ അറിയിച്ചിരുന്നു.
ചർച്ചയ്ക്കായി റഷ്യൻ സംഘം ബെലാറൂസിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ബെലാറൂസ് വഴി യുക്രൈൻ ആക്രമണം നേരിടുമ്പോൾ ചർച്ച സാധ്യമാകില്ലെന്നും മറ്റേതെങ്കിലും രാജ്യത്തു ചർച്ച നടത്തണം എന്നുമായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്.