ലോഡ്ജിൽവെച്ച് യൂ ട്യൂബിൽ നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശ് പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ബി. ഫാം വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ഫാം വിദ്യാർഥികളായ മസ്താൻ, ജീവ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്നും ഫാർമസി വിദ്യാർഥികളാണ് ലോഡ്ജ് മുറിയിൽവെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും പൊലീസ് അറിയിച്ചു.
ഹൈദരാബാദിൽ ജോലിചെയ്തിരുന്ന ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റക്കായിരുന്നു താമസം. അടുത്തിടെയാണ് ഇയാൾ ബി.ഫാം വിദ്യാർഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. തുടർന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയിൽ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീകാന്തിന്റെ തീരുമാനം. എന്നാൽ ബി.ഫാം വിദ്യാർഥികൾ ഇതിൽനിന്ന് യുവാവിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവിൽ തങ്ങൾ ശസ്ത്രക്രിയ നടത്താമെന്ന് പറയുകയുമായിരുന്നു.
ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാർഥികളും നെല്ലൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് യൂ ട്യൂബ് വീഡിയോ നോക്കി വിദ്യാർഥികൾ ശസ്ത്രക്രിയ ആരംഭിച്ചു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായി ശ്രീകാന്ത് മരണപ്പെട്ടത്. യുവാവിന് അമിതമായ അളവിൽ വേദനസംഹാരി നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചെറിയ തൊഴിൽ ചെയ്ത് ജീവിക്കുന്ന ശ്രീനാഥ് അമ്മാവന്റെ മകളെയായിരുന്നു വിവാഹം കഴിച്ചത്. എന്നാൽ, പിന്നീട് വിവാഹ മോചനം തേടി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറുക എന്നതായിരുന്നു ശ്രീനാഥിന്റെ ആഗ്രഹം. ഇതിനായി സർജറി അടക്കമുള്ള കാര്യങ്ങൾക്ക് തയ്യാറെടുക്കവെയാണ് ബി.ഫാം വിദ്യാർഥികളുടെ കെണിയിൽ പെടുന്നത്.