ഡൽഹി: കേരളത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു. ‘കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല’. രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തുകയും ചെയ്തു.
യുപി കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. യുപിയിൽ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു. യുപിയിൽ ബിജെപി ഭരണം ആവർത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം, ജനങ്ങളുടെ ആശിർവ്വാദത്തോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. വൻ വികസനമാണ് കഴിഞ്ഞ വർഷങ്ങളിൽ യുപിയിൽ ഉണ്ടായത്. കണ്ണില്ലാത്തവർ മാത്രമേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് രൂക്ഷമായി പരിഹസിച്ചു.