നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന ‘മകൾ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫെയ്സ്ബുക്കിലൂടെ സംവിധായകൻ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന മീരാജാസ്മിൻ്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്.
ജനജീവിതം സാധാരണ നിലയിലാവുന്നതിനായാണ് കാത്തിരുന്നതെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ ‘മകൾ’ തിയറ്ററിലെത്തും ഇന്ന് പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് സത്യൻ അന്തിക്കാട് കുറിച്ചു. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, ‘വടക്കുനോക്കിയന്ത്ര’ത്തിൻ്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. തൻ്റെയും നിങ്ങളുടേയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യൻ അന്തിക്കാടിൻ്റെ കുറിപ്പ്
‘മകൾ’ ഒരുങ്ങുകയാണ്.
കോവിഡിൻ്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയേറ്ററുകളും സജീവമാകുന്നു.
കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ.
‘മകൾ’ കാത്തിരുന്നത് അതിനു വേണ്ടിയാണ്. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, ‘വടക്കുനോക്കിയന്ത്ര’ത്തിൻ്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. എൻ്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നത്.
ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. മീരാ ജാസ്മിൻ്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം ‘മകളി’ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsathyan.anthikad.official%2Fposts%2F484665459695624&show_text=true&width=500