ബംഗളൂരു: ഐപിഎൽ മെഗാതാരലേലത്തിൽ താരസാന്നിധ്യമാവേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീം ഉടമ ഷാരൂഖ് ഖാൻ്റെ വിടവ് നികത്തി മക്കളായ ആര്യനും സുഹാനയും. ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മക്കളായ ആര്യൻഖാനും സുഹാന ഖാനും പങ്കെടുത്തപ്പോൾ ജൂഹി ചൗളയുടെ മകൾ ജാൻവി മേത്തയും ഒപ്പമുണ്ടായിരുന്നു.
മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയതിന് ശേഷം ആദ്യമായാണ് ആര്യൻഖാൻ പൊതുവേദിയിൽ പ്രത്യക്ഷനാവുന്നത്. 590 താരങ്ങളാണ് ഇന്നത്തെ ഐപിഎൽ മെഗാ ലേലത്തിൽ അണിനിരക്കുന്നതെങ്കിലും അതിൽ നിന്നു 10 ടീമുകളിലേക്കായി എത്തുക പരമാവധി 217 പേർ മാത്രം. ലേലത്തിൽ കളിക്കാരോടൊപ്പം താരങ്ങളാവുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ഓക്‌ഷൻ ടേബിളിലുള്ളവരും.
A crash course in #IPLAuction strategies from the CEO to our Gen-Next ⏭@VenkyMysore #AryanKhan #SuhanaKhan #JahnaviMehta #GalaxyOfKnights pic.twitter.com/WqWNuzhpJt
— KolkataKnightRiders (@KKRiders) February 12, 2022
അതേസമയം, ഐപിഎൽ മെഗാ താര ലേലത്തിൽ കോടിപതികളായി മാർക്വി താരങ്ങൾ. ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യരാണ് മാർക്വി താരങ്ങളിൽ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വില നിശ്ചയിച്ച അയ്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് 12.25 കോടി രൂപയ്ക്കാണ്.
ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചപ്പോൾ ഓസീസ് ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണറെ 6.25 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഇന്ത്യന്‍ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ (5 കോടി), കിവീസ് പേസർ ട്രെന്റ് ബോൾട്ട് (8 കോടി) എന്നിവരെ വാങ്ങിയ രാജസ്ഥാൻ റോയൽസ് ബോളിങ് വിഭാഗം ശക്തമാക്കുന്നതിൻ്റെ സൂചനയാണ് നൽകുന്നത്.
















