മലപ്പുറം : കച്ചവടക്കാരനായ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതിമാർ അറസ്റ്റിൽ. വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ വർക്കല താഴെ വെട്ടൂർ തെങ്ങറ റാഷിദ മൻസിലിൽ റാഷിദ (38) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റുചെയ്തത്. അരീക്കോട് കടുങ്ങല്ലൂരിൽ കച്ചവടക്കാരനായ മേലേപുരയ്ക്കൽ പുളിയക്കോട് അബ്ദുൾ വാജിദിന്റെ (26) പരാതിയിലാണ് പിടിയിലായത്.
അബ്ദുൾ വാജിദ് അനാഥയും നിർധനയുമായ യുവതിയെ വിവാഹംചെയ്യാൻ ആഗ്രഹിച്ചിരുന്നു.
അനാഥാലയത്തിൽ കഴിയുന്ന രോഗിയായ യുവതിയെന്ന പേരിൽ റാഷിദ വാജിദുമായി സാമൂഹികമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്.
എന്നാൽ റാഷിദയുടേതെന്ന പേരിൽ കാണിച്ച ചിത്രം അവരുടെ രണ്ടാമത്തെ മകളുടേതായിരുന്നു. റാഷിദയുടെ മകളുടെ ചിത്രം കാണിച്ച് താൻ തൃശ്ശൂരിലെ അനാഥാലയത്തിൽ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് റാഷിദ പരിചയപ്പെടുത്തിയത്.
















