‘ജുറാസിക് വേള്‍ഡ് ഡൊമിനി’യൻ്റെ ട്രെയിലര്‍ പുറത്തുവിട്ടു. ലോകമെങ്ങും ആരാധകരുള്ള ചിത്രമായ ജുറാസ്സിക് പരമ്പരയിലെ ദിനോസറുകളുടെ കഥ പറയുന്ന പുതിയ ഭാഗവും പ്രേക്ഷകരെ അമ്പരപ്പിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ജുറാസിക് വേള്‍ഡ് സീരീസിലെ മൂന്നാമത്തേതും അവസാനത്തേതുമായ ചിത്രമാണ് ഇത്. കോളിൻ ട്രെവറോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് ട്രെയിലറിൽ നിന്നു തന്നെ വ്യക്തം. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലും അണിനിരക്കുന്നത്.
ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഡൊമിനിയൻ സംവിധാനം ചെയ്യുന്നത്. 2018ൽ റിലീസ് ചെയ്ത ‘ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം’ എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം വരുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിക്കുന്നത്. പിന്നീട് എന്ത് സംഭവിക്കും എന്നതാണ് ഡൊമിനിയൻ പറയുന്നത്. ജൂൺ 10ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
















