മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടുന്നവനെയും രണ്ടാം സ്ഥാനക്കാരെയോ മൂന്നാം സ്ഥാനക്കാരെയോ തമ്മിൽ താരതമ്യം നടത്താറുണ്ട്. എന്നാൽ ഒന്നാം സ്ഥാനക്കാരനെയും ഒന്നുമല്ലാത്തവനെയും തമ്മിൽ ആരും താരതമ്യപ്പെടുത്താറില്ല. കേരളം ഉത്തർപ്രദേശ് താരമ്യപ്പെടുത്താൽ ഇതിന് സമാനമാണ്. സ്വയം നന്നാവുകയുമില്ല, നന്നായ ഒരുത്തനെ നോക്കി നമ്മൾ ഒരിക്കലും അങ്ങനെ ആകുകയും ചെയ്യരുത് എന്ന് പറയുന്നവർ ലോകത്ത് അധികം കാണില്ല. ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ, അവർ ശത്രുവിനോട് ആകും ഇക്കാര്യം പറഞ്ഞിട്ടുണ്ടാകുക. എന്നാൽ സ്വന്തം ജനതയോട് അങ്ങനെ പറഞ്ഞ ഏക വ്യക്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരിക്കും.
സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥ് വിചിത്രമായ ഒരു വാദവുമായി വന്നത്. ഉത്തർപ്രദേശ് കേരളം പോലെ ആകാതിരിക്കാൻ ബിജെപിക്ക് വോട്ടു ചെയ്യൂ എന്നായിരുന്നു യോഗിയുടെ പ്രസ്താവന. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഏറെ നടക്കുന്ന, ജാതിയുടെ പേരിൽ കൊലപാതകങ്ങളും ബലാൽസംഗവും നടക്കുന്ന, പോഷകാഹാര കുറവ് മൂലം കുട്ടികൾ മരിക്കുന്ന , ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്ന, മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്ന യുപി, ഇത്തരം കാര്യങ്ങൾ ഒന്നുമില്ലാത്ത കേരളത്തെ കണ്ട് പഠിക്കണം എന്നല്ല, പഠിക്കരുത് എന്നാണ് യോഗി പറഞ്ഞത്.
പാർലമെന്റിൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധപ്പെടുത്തിയ സാമ്പത്തിക സർവേയിൽ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക പ്രകാരം ഏറ്റവും മികച്ച ഒന്നാമത്തെ സംസ്ഥാനം കേരളമാണ്. ഈ പട്ടികയിൽ 25 ആം സ്ഥാനത്താണ് യോഗിയുടെ യുപി. നീതി ആയോഗിന്റെ തന്നെ ദേശീയ ആരോഗ്യ സൂചിക പ്രകാരവും ഒന്നാം സ്ഥാനം കേരളത്തിനാണ്. പതിവുപോലെ പട്ടികയിൽ അവസാന സ്ഥാനത്താണ് ബിജെപി ഭരിക്കുന്ന യുപി. കേരളം 100 ൽ 80 പോയിന്റ് നേടിയപ്പോൾ യുപിക്ക് നേടാനായത് 30 പോയിന്റ് മാത്രം.
കേരളത്തിന്റെ ശിശു മരണ നിരക്ക് 1000 ൽ 4.4 ആണ്. യുപിയിൽ ഇത് 1000 ൽ 60 ആണ്. കേരളത്തിൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങളിൽ ആയിരത്തിൽ 4 പേർ മരിക്കുമ്പോൾ യുപിയിൽ അത് 60 കുഞ്ഞുങ്ങളാണ്. പോഷകാഹാര കുറവ് മുതൽ ഓക്സിജൻ ലഭ്യത കുറവ് വരെ ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നു.
ഇതിനെല്ലാം പുറമെ മാതൃ മരണ നിരക്ക് കുറവും കേരളത്തിലാണ്. ശരാശരി ആയുർ ദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഏറ്റവും കൂടുതൽപേർ സാക്ഷരത നേടിയ സംസ്ഥാനവും കേരളമാണ്. ഇക്കാര്യങ്ങളിലെല്ലാം യുപിയെ വിലയിരുത്തുമ്പോൾ യുപി വളരെ പുറകിലാണ്. യോഗിയുടെ കീഴിൽ യുപി നേടിയ ‘ഏറ്റവും വലിയ കാര്യം’ തൊഴിലില്ലായ്മ രണ്ടിരട്ടിയാക്കി എന്നതാണ്. യുപിയിൽ തൊഴിൽ കിട്ടാനില്ലാത്തത് കാരണം എന്ത് പണിയെടുക്കാനും തയ്യാറായ നിരവധി യുപിക്കാൻ കേരളത്തിൽ തൊഴിലെടുത്ത് കുടുംബം പോറ്റുന്നുണ്ട്.
ബഹുദൂരം പിന്നിലായിട്ടും കേരളത്തെ പോലെ ആകരുത് എന്ന് പറഞ്ഞ യോഗിയുടെ ട്വീറ്റ് അത്ര നിഷ്കളങ്കമല്ല. യോഗി ലക്ഷ്യം വെച്ചത് കേരളത്തിലെ പോലെ പ്രതികരിക്കുന്നവരുടെ, പ്രതിഷേധിക്കുന്നവരുടെ, ഭരണഘടനയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരുടെ നാടകരുത് യുപി എന്നാണ്. ജനത്തിന് അറിവും വിവേകവും ഉണ്ടാകരുത്. അവരെ എന്നും മതത്തിന്റെ പേര് പറഞ്ഞ് തമ്മിൽ തല്ലിച്ച് ഭരിക്കൽ മാത്രമാണ് യോഗി ലക്ഷ്യമിടുന്നത്. അതിന് അവർക്ക് ഒന്നും മിണ്ടാത്ത സേച്ഛാധിപത്യത്തിന് വഴങ്ങിക്കൊടുക്കുന്ന ജനതയെ ആവശ്യമുണ്ട്
കേരളത്തെ കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ ‘ഡീഗ്രേഡിങ്’ ഏറെ ചർച്ചയായതോടെ കേരളത്തിലെ രാഷ്ട്രീയക്കാർ എല്ലാം (ബിജെപി നേതാക്കൾ ഒഴികെ) ഒറ്റക്കെട്ടായാണ് അതിനെ പ്രതിരോധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒരേ നാണയത്തിലാണ് യോഗിക്കെതിരെ ആഞ്ഞടിച്ചത്. രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ, വി. ശിവൻകുട്ടി, സജി ചെറിയാൻ, എ.എ റഹീം തുടങ്ങിയ കേരളത്തിലെ രണ്ട് പ്രബലപാർട്ടികളും ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കുന്ന കാഴ്ചയും വിഷയത്തിൽ കണ്ടു.
അതേ മിസ്റ്റർ യോഗി ആദിത്യനാഥ്, ഇത് കേരളമാണ്. ഒറ്റക്കെട്ടായി നിൽക്കേണ്ടത് എപ്പോഴാണെന്നും ആർക്കെതിരെയാണെന്നും കേരളത്തിലെ മനുഷ്യർക്ക് നന്നായി അറിയാം. ബഹുസ്വരതയെ, ഐക്യത്തെ, വികസനത്തെ പുൽകുന്ന നാടാണ് ഇത്. ഇവിടെ ബീഫ് തിന്നതിന് ആരെയും തല്ലിക്കൊന്നിട്ടില്ല. ഇവിടെ മതത്തിന്റെ പേരിൽ തമ്മിൽ തല്ലാറില്ല. അതിനായി താങ്കളുടെ പാർട്ടി നടത്തുന്ന ശ്രമങ്ങളുടെ ചെറുക്കാറുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കുകൾ കടമെടുത്താൽ, ഇന്ത്യ എന്ന ഞങ്ങളുടെ രാജ്യത്തിൽ കാശ്മീരികളെയും ബംഗാളികളെയും പോലെ ഞങ്ങളും അഭിമാനം കൊള്ളുന്നവരാണ്.