അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്‍കുമാറിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അല്ലു അര്‍ജുന്‍. ബംഗളൂരുവിലെ വീട്ടിലെത്തിയാണ് അല്ലു പുനീതിന്‍റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. പുനീതിന്‍റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്‍പാര്‍ച്ചന നടത്തുന്ന തന്‍റെ ചിത്രം അല്ലു അര്‍ജുന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
‘പുനീതിന് എന്‍റെ വിനീതമായ ആദരം. രാജ്‍കുമാര്‍ ഗാരുവിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്‍റെ ബഹുമാനം’ -അല്ലു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അപ്രതീക്ഷിതമായായിരുന്നു കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‍കുമാറിൻ്റെ മരണം. വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മരിച്ചു.
ഇതിഹാസ നടൻ രാജ്‍കുമാറിൻ്റെ മകനാണ് പുനീത് രാജ്കുമാർ. സിനിമയ്ക്കു പുറത്ത് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങിയ പുനീത് ഒരു സിനിമാതാരം എന്നതിലുപരി ജനമനസ്സില്‍ ഇടംപിടിച്ച ആളായിരുന്നു. പുനീതിന്‍റെ ആഗ്രഹം പോലെ മരണശേഷം അദ്ദേഹത്തിന്‍റെ കണ്ണുകളും ദാനം ചെയ്യപ്പെട്ടു.
ബാലതാരമായി സിനിമയിലെത്തിയ പുനീതിനെ സുഹൃത്തുക്കളും ആരാധകരും സ്നേഹത്തോടെ അപ്പു എന്നാണ് വിളിച്ചിരുന്നത്. വിവിധ ഭാഷകളിലിറങ്ങിയ ‘പുഷ്പ’യുടെ വൻവിജയ തിളക്കത്തിലാണ് അല്ലു അർജുൻ. അടുത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ‘പുഷ്പ’.
















