ന്യൂഡൽഹി: കൊവിഡ് മൂന്നാംതരംഗം ഈ വര്‍ഷം ഫെബ്രുവരി ആദ്യവാരത്തോടെ ദുര്‍ബലമാകുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ.അനുരാഗ് അഗര്‍വാള്‍. വാക്‌സിനേഷന്‍ നിരക്കിലും അത് വഴി കൈവരിച്ച പ്രതിരോധത്തിലും ഇന്ത്യ വളരെ മുന്നിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കും രോഗവ്യാപനനിരക്കും വളരെ കുറവാണ്. ഇന്ത്യന്‍ എക്സ്രപ്രസിന്റെ എക്‌സ്‌പ്ലെയിന്‍ ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കറങ്ങി നടക്കുന്നതിലും നല്ലത് അവര്‍ സ്‌കൂളില്‍ പോകുന്നതാണ്. പോളിയോ, ചിക്കന്‍ പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ പോലെ കൊവിഡില്‍നിന്ന് പ്രതിരോധകുത്തിവെപ്പിലൂടെ ശാശ്വതമായി രക്ഷപ്പെടാനാകില്ല. കൊവിഡ് വൈറസ് പല വകഭേദങ്ങളായി പരിണമിച്ച് സമൂഹത്തില്‍ നിലനില്‍ക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിരോധശേഷി ആര്‍ജിച്ച് മുന്നോട്ടുപോവുക മാത്രമാണ് രക്ഷ നേടാനുള്ള ഏക പ്രതിവിധിയെന്നും അനുരാഗ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകാ ചട്ടക്കൂടുകള്‍ സൃഷ്ടിക്കുന്നതിന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് രോഗം ഉണ്ടാക്കിയേക്കാവുന്നതിനേക്കാള്‍ കൂടുതല്‍ ദോഷം വരുത്തുന്നുവെന്ന് അടുത്തിടെ യുനിസെഫ് പറഞ്ഞിരുന്നു.
കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ ആദ്യം നിയന്ത്രങ്ങളില്‍ ഇളവുവരുത്തേണ്ടത് സ്‌കൂളുകളിലാണെന്നും അദ്ദേഹം പറഞ്ഞു. ഓഫ് ലൈന്‍ ക്ലാസുകള്‍ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്. കുട്ടികളെ സ്‌കൂളില്‍ നിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷംചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.അതേസമയം സ്‌കൂളുകള്‍ തുറക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരും മുന്‍തൂക്കം നല്‍കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് 2.0 ചട്ടക്കൂട് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
സ്‌കൂളുകള്‍ വീണ്ടും ഫിസിക്കല്‍ മോഡില്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്, എന്നിരുന്നാലും സ്‌കൂള്‍ സംവിധാനം സാധാരണ നിലയിലാകില്ല. വീണ്ടും തുറന്നാലും, കൊവിഡ്-19 ന് ശേഷമുള്ള ലോകത്തിലെ സ്‌കൂളുകള്‍ വീണ്ടും പഴയപടിയാകില്ല. കുട്ടികള്‍ക്കിടയില്‍ ഉച്ചഭക്ഷണം പങ്കിടുകയോ കൂട്ടമായി ഇരിക്കുകയോ പോലുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും സാധ്യതയില്ല.
രാജ്യത്തുടനീളമുള്ള രക്ഷിതാക്കള്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് പരിഗണിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. രണ്ട് വര്‍ഷത്തിലേറെയായി വീട്ടിലിരിക്കുന്നതും ഓണ്‍ലൈന്‍ പഠനവും വിദ്യാര്‍ത്ഥികളില്‍ ആശങ്ക സൃഷ്ടിച്ചതായി രക്ഷിതാക്കള്‍ പറയുന്നു.അസിം പ്രേംജി റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തില്‍ ഭയാനകമായ ഇടിവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.