അമൃത്സര്‍: അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ബിക്രം സിങ് മജീദിയയെ പ്രഖ്യാപിച്ച് ശിരോമണി അകാലിദള്‍ രംഗത്ത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു മത്സരിക്കുന്ന മണ്ഡലം കൂടിയാണ് ഇത്. സിദ്ദുവിനെതിരെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ശത്രുവിനെ തന്നെ അകാലിദള്‍ നിര്‍ത്തിയതോടെ അമൃത്സര്‍ ഈസ്റ്റ് പഞ്ചാബിൽ പോരാട്ടം മുറുകാൻ ആണ് സാധ്യത.
‘സിദ്ദുവിനെതിരെ പാര്‍ട്ടി ബിക്രമിനെ മത്സരിപ്പിക്കുന്നതോടെ, സിദ്ദു മത്സരിക്കുന്ന അവസാന തിരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനവുമാകും ഇത്’ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ സിങ് ബാദല്‍ വ്യക്തമാക്കി.
മുന്‍ മന്ത്രികൂടിയായ ബിക്രം സിങ് മജീദിയ നിലവിലെ മജിത എംഎല്‍എയാണ്. ഇവിടെ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമൃത്സര്‍ ജില്ലയില്‍ തന്നെയുള്ളതാണ് മജിത മണ്ഡലം.