ന്യൂഡൽഹി: പത്മശ്രീ മിലേന സാൽവിനി (89) അന്തരിച്ചു.കലാമണ്ഡലത്തിലെ ആദ്യകാല വിദേശപഠിതാക്കളിൽ പ്രമുഖയും കലാഗവേഷകയുമാണ് മിലേന സാൽവനി. പാരിസിൽ വെച്ചാണ് അന്ത്യം. മിലേനയുടെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യൻ സംസ്‌കാരത്തോടുള്ള അഭിനിവേശത്തിന്റെ പേരിൽ മിലേന സാൽവിനി ഓർമ്മിക്കപ്പെടും. ഫ്രാൻസിലുടനീളം കഥകളിയെ കൂടുതൽ ജനകീയമാക്കാൻ അവർ നിരവധി ശ്രമങ്ങൾ നടത്തി. മിലേനയുടെ വിയോഗത്തിൽ ഞാൻ വേദനിക്കുന്നു.അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് പ്രധാനമന്ത്രി കുറിച്ചു.
1965-ല്‍ കഥകളി പഠിക്കാനായി ഫ്രാന്‍സില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ കലാമണ്ഡലത്തില്‍ എത്തിയ മിലേന പിന്നീട് ഭാരതീയ ശാസ്ത്രീയകലകളുടെ പരിപോഷകയും പ്രചാരകയുമായി.
മിലേനയുടെ ക്ഷണം സ്വീകരിച്ച് 1967-ല്‍ പതിനേഴംഗ കഥകളി സംഘം നടത്തിയ യൂറോപ്പ് പര്യടനം കലാമണ്ഡലത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 1975-ല്‍ മിലേനയും ജീവിതപങ്കാളി റോജര്‍ ഫിലിപ്പ്‌സും ചേര്‍ന്ന് പാരീസില്‍ മണ്ഡപ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്ന വിദ്യാലയം സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തില്‍ 1980-ലും 1999-ലും കലാമണ്ഡലം നടത്തിയ വിദേശപരിപാടികള്‍ കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കി.
2001-ല്‍ കൂടിയാട്ടത്തിന് യുനെസ്‌കോയുടെ അംഗീകാരം നേടിക്കൊടുത്തതില്‍ മിലേനയുടെ പങ്ക് നിര്‍ണായകമാണ്. കഥകളിക്ക് നല്‍കിയ സംഭാവന പരിഗണിച്ച് 2019-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.