ഇറ്റാനഗർ: അരുണാചലിൽ നിന്നും കാണാതായ കൗമാരക്കാരനെ ചൈനീസ് പട്ടാളം ഉടൻ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. ഇത് സംബന്ധിച്ച് വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്ന് ചൈനീസ് പട്ടാളം വിശദീകരണം നൽകിയതായി കിരൺ റിജിജു ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
അരുണാചൽ പ്രദേശിലെ അതിർത്തി മേഖലയായ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നാണ് മിറാൻ തരോൺ എന്ന കൗമാരക്കാരനെ കാണാതായത്. മിറാനൊപ്പം ഉണ്ടായിരുന്ന ജോണി എന്ന കുട്ടിയെയും കാണാതായിരുന്നു. മിറാനെ കാണാതായ ആദ്യഘട്ടത്തിൽ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.