ചെന്നൈ: മൊഴിപ്പോരിന്റെ പരിണിതഫലമായാണ് 1967ൽ അണ്ണാദുരൈ അധികാരത്തിൽ എത്തിയപ്പോൾ ദ്വിഭാഷാ നയം കൊണ്ടുവന്നതും സംസ്ഥാനത്തിന് തമിഴ്‌നാട് എന്ന് പേരിട്ടതുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി. മൊഴിപ്പോര് രക്തസാക്ഷികളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ഭാഷകളെ ദേശീയ ഭാഷകളായി പരിഗണിക്കുന്നതിനായി നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനായുള്ള പരിശ്രമത്തിലാണ് ഞങ്ങൾ.
ഞങ്ങൾക്ക് തമിഴിനോട് താത്പര്യമുണ്ടെന്നത് മറ്റ് ഭാഷകളെ വെറുക്കുന്നു എന്നർത്ഥമാക്കുന്നില്ല. ഒരു ഭാഷ പഠിക്കുക എന്നത് ഒരു വ്യക്തിയുടെ താത്പര്യമാണ്. എന്നാൽ അതൊരിക്കലും അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയെ അടിച്ചേൽപ്പിക്കാൻ താത്പര്യപ്പെടുന്നവർ ആധിപത്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.