ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4 കോടി ആയി ഉയർന്നു. മൂന്നാം തരംഗത്തിൽ ഇതുവരെ 50 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, പ്രതിദിന കേസുകൾ കുറയുന്നത് ആശ്വാസമാണ്. ഇന്നും മൂന്ന് ലക്ഷത്തിന് താഴെയാണ് പ്രതിദിന കേസുകൾ. അതിനിടെ, മരണസംഖ്യ വീണ്ടും ഉയർന്ന് 500ന് മുകളിലായി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു തുടങ്ങി. ഹരിയാനയിൽ ഫെബ്രുവരി ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കും. എന്നാൽ ദില്ലിയിലെ കണക്കിൽ നേരിയ വർധനയുണ്ടായി. ആറായിരത്തിൽ അധികം പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് മരണ നിരക്കിലെ വർധന തുടരുകയാണ്. അറന്നൂറിൽ അധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കോവിഡ് വ്യാപനം തടയാൻ രാജ്യം കാണിച്ച നിശ്ചയദർഢ്യത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. വൈറസ് വിട്ടു പോയിട്ടില്ലന്നും പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.