ന്യൂഡൽഹി: ഡല്‍ഹിയില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 11,12 വയസുള്ളവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പോക്സോ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം കളിക്കാൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. എന്നാൽ പ്രദേശത്തെ 12 വയസുള്ള ആൺകുട്ടി കളിക്കാനെന്ന വ്യാജേന കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഈ കുട്ടിയും സുഹൃത്തും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി കഠിനമായ വയറുവേദനയാണെന്ന് വീട്ടുകാരോട് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ വലിയ രീതിയിൽ പരിക്കേറ്റ് രക്തസ്രാവമുള്ളതായി മാതാപിതാക്കൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്.
പെൺകുട്ടിയുടെ അമ്മയുടെ പരാതി ലഭിച്ചതായും വൈദ്യപരിശോധന നടത്തിയതായും പോലീസ് പറഞ്ഞു.