ന്യൂഡൽഹി: പദ്മഭൂഷൺ പുരസ്കാരം നിരസിച്ച് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
പത്മഭൂഷൺ ബഹുമതിക്കായി തന്റെ പേര് ആരെങ്കിലും നൽകിയതായി തനിക്ക് അറിയില്ല. പുരസ്കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കുകയാണെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു.
ഇന്നാണ് കേന്ദ്രസർക്കാർ പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്കാണ് പദ്മഭൂഷൺ. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.
മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങിനും പദ്മവിഭൂഷൺ പ്രഖ്യാപിച്ചു. സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷൺ മരണാനന്തര ബഹുമതിയായി കിട്ടി.