തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവര്‍ണര്‍ക്ക് കത്തയച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ ലൈനിനെതിരായ പരാതികള്‍ തടയുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നയത്തിന് എതിരാണ് നീക്കം. കേരളത്തിലെ സിപിഎം പ്രാദേശിക സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നും സതീശൻ കുറ്റപ്പെടുത്തി.
ലോകായുക്തയെ നിഷ്ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. അഴിമതി നിരോധന നിയമത്തിൻ്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ലോകായുക്തയുടെ പ്രസക്തി സർക്കാർ കൗശലപൂർവം ഇല്ലാതാക്കി. ഫെബ്രുവരിയിൽ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓർഡിനൻസ് കൊണ്ടുവരുന്നത് ദുരൂഹം. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തൽ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. കേസുകളിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണ് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. കഴിഞ്ഞ മന്ത്രിസഭാ യോഗം ഓർഡിനൻസിന് അനുമതി നൽകിയിരുന്നു. നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽസ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും.
മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിർമാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. ലോകായുക്തയെ അപ്രസക്തമാക്കുന്ന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.
ലോകായുക്തയുടെ അധികാരം സർക്കാർ കവർന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതൽ അഴിമതിക്കെതിരായി തീരുമാനമെടുക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആർ ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാൻ സർക്കാർ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.