കൊച്ചി: ഗൂഡാലോചന കേസിൽ ദിലീപ് അടക്കമുള്ള 5 പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കോടതി ചോദ്യം ചെയ്യലിനായി അനുവദിച്ചു സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലാകും ഇന്ന് ഉണ്ടാവുക. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും ഒഴിവാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നാളെ റിപ്പബ്ലിക് ദിനമായതിനാല്‍ ഹൈക്കോടതി അവധിയാണ്. കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
ഈ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രതികളുടെ മുൻകൂർ ജാമ്യാപകേഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുക. ഗൂഡാലോചനയിൽ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി വിധി പുറപ്പെടുവിക്കും. ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളും ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂർ ദിലീപിനെ ഒറ്റക്കിരുത്തി എസ് പി മോഹന ചന്ദ്രൻ ചോദ്യം ചെയ്തിരുന്നു.
റാഫി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിരിന്നു ദിലിപീനോടുള്ള ചോദ്യങ്ങൾ. രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതേസമയം ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന ‘പിക് പോക്കറ്റ്’ സിനിമയിൽ നിന്ന് പിൻമാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ തന്നെയാണെന്ന് സംവിധായകൻ റാഫി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകിയതിന് ശേഷമായിരുന്നു റാഫിയുടെ പ്രതികരണം.
ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ല. പക്ഷേ പിക് പോക്കറ്റ് സിനിമ നീണ്ട് പോകുന്നതിൽ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു. എന്തു കൊണ്ടാണ് സിനിമയിൽ നിന്നും പിൻമാറിയതെന്നതിനെകുറിച്ച് അറിയില്ല. പിൻമാറിയെന്ന് മാത്രമാണ് തന്നെ വിളിച്ചറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറിയത് താനായിരുന്നുവെന്ന ദിലീപിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് റാഫിയുടെ വെളിപ്പെടുത്തൽ. ജയിലിൽ നിന്നിറങ്ങിയ ശേഷം പോക്കറ്റടിക്കാരന്റെ റോൾ ചെയ്യുന്നത് തനിക്ക് ദോഷം ചെയ്യുമെന്ന് ബാലചന്ദ്രകുമാറിനെ അറിയിച്ചിരുന്നുവെന്നും ഇതിനെറെ ദേഷ്യത്തിലാണ് ബാലചന്ദ്രകുമാർ കള്ളപരാതി നൽകിയത് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.