കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ദിലീപ് മടങ്ങി. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും 11 മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ദിലീപ് മടങ്ങിയത്.
രാത്രി എട്ടുമണിവരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. രാവിലെ ഒന്‍പതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായ ദിലീപിനെയും കൂട്ടുപ്രതികളെയും പതിനൊന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാളെയും ഇവരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ നീട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കരുത്. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റുവാനാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

















