തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്ന എം ഐ രവീന്ദ്രൻ്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എം ഐ രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. സർക്കാർ തീരുമാനം അനുസരിച്ചാണ് പട്ടയം റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദ്ദേശപ്രകാരമാണ് പട്ടയം നൽകിയതെന്നും വ്യാജ പട്ടയങ്ങൾ നൽകിയിട്ടില്ലെന്നുമായിരുന്നു എം ഐ രവീന്ദ്രൻ്റെ വാദം.
പട്ടയങ്ങള്‍ റദ്ദാക്കുന്ന വിഷയത്തില്‍ റവന്യുവകുപ്പ് നീക്കം സംശയകരമെന്നായിരുന്നു മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നടക്കുന്ന നീക്കം സംശയകരമാണ്. വിഷയത്തില്‍ റവന്യൂമന്ത്രി നടത്തിയ പ്രതികരണങ്ങള്‍ കാര്യങ്ങള്‍ വിശദമായി പഠിക്കാതെയാണെന്നും എംഐ രവീന്ദ്രന് പറഞ്ഞു.
ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.
1999ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രൻ ഇറക്കിയ പട്ടയങ്ങൾ വൻവിവാദത്തിലായിരുന്നു. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്നായിരുന്നു പരാതി. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് നൽകിയതെന്ന് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് റദ്ദാക്കാനുള്ള റവന്യു പ്രിൻസിപ്പിൽ സെക്രട്ടറിയുടെ ഉത്തരവ്.