കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ 10.15 ജസ്റ്റിസ് പി ഗോപിനാഥിൻ്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്. ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരുടെ ഹർജികളാണ് പരിഗണിക്കുന്നത്.
വെറുതെ ഒരാളെ കൊല്ലുമെന്ന് പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. അതിലേക്ക് നയിക്കുന്ന പ്രവൃത്തി എന്തെങ്കിലും ഉണ്ടായാലല്ലേ അതിൽ കൊലപാതകത്തിനുള്ള ഗൂഢാലോചനയെന്ന കുറ്റം തെളിയിക്കാനാകൂ എന്നും കോടതി ആരാഞ്ഞു. എന്നാൽ നിർണായക വിവരങ്ങൾ ഇത് സംബന്ധിച്ച് വെളിപ്പെടുത്താനുണ്ടെന്നും തുറന്നകോടതിയിൽ മുഴുവൻ വിവരങ്ങളും നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കൊല്ലുമെന്ന് വാക്കാൽ വെറുതെ ദിലീപ് പറഞ്ഞതല്ല, അതിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ ഐപിഎസ്, ഡി വൈ എസ് പി സോജൻ, ആലുവ റൂറൽ എസ് പി എ വി ജോർജ്, ബൈജു പൗലോസ് എന്നിവരെ കൊല്ലുമെന്നും കൈ വെട്ടുമെന്നും ദിലീപ് പറയുന്നത് കേട്ടുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു. ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേൾക്കേണ്ടതിനാൽ ഓൺലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നാണ് പ്രോസിക്യൂഷന് വാദം. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു. ദിലീപിന് വേണ്ടി അഡ്വ. ബി രാമൻ പിള്ളയാണ് ഹാജരായിരിക്കുന്നത്. നേരത്തേ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരായതും ബി രാമൻ പിള്ള അസോസിയേറ്റ്സ് ആയിരുന്നു.