കൊല്ലം: ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരണിന് കുരുക്കായി സ്വന്തം ഫോൺ റെക്കോർഡുകൾ. വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്കിയാല് വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ഭര്‍ത്താവ് കിരൺ തീരുമാനിച്ചിരുന്നുവെന്നതിന് തെളിവ് ലഭിച്ചു.
വിസ്മയയുടെ ഭര്‍ത്താവ് കിരണും കിരണിന്റെ സഹോദരീഭർത്താവ് മുകേഷും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണമാണ് പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ ഹാജരാക്കിയത്. ഇതടക്കം കിരണിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ച സംഭാഷണങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറുകയാണ്.
വിസ്മയയുടെ അമ്മ സജിത വി നായരെ വിചാരണ കോടതിയിൽ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഫോൺ രേഖകൾ ഹാജരാക്കിയത്. കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നൽകിയാൽ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിൻ്റെ അച്ഛൻ പറഞ്ഞതായി വിസ്മയയുടെ അമ്മ സാക്ഷിമൊഴി നൽകി. സ്വർണം ലോക്കറിൽ വെക്കാൻ ചെന്നപ്പോൾ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉപദ്രവം തുടങ്ങിയതെന്നും സ്ത്രീധനം കൊടുത്താൽ പ്രശ്നങ്ങൾ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പറഞ്ഞതെന്നും അമ്മ മൊഴിനൽകി.
വിസ്മയയുടെ ആത്മഹത്യയ്ക്കു ശേഷം കിരണിൻ്റെ ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച ഘട്ടത്തിലാണ് സംഭാഷണങ്ങൾ കണ്ടെത്തിയത്. കിരണിൻ്റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ല. വണ്ടിയിൽ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊടുത്തുവെന്ന് കിരൺ പറയുന്നതും റെക്കോർഡിൽ കേൾക്കാം. കേസിൽ എതിർവിസ്താരം തിങ്കളാഴ്ചയും തുടരും.