ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,47,254 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ ബാധിതരുടെ എണ്ണം 9,692 ആയി ഉയർന്നു. 4.36 ശതമാനമാണ് ഒമിക്രോൺ കേസുകളിലെ വർധനയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസത്തേക്കാള്‍ 29,722 പേര്‍ക്ക് ഇന്നലെ കൂടുതലായി രോഗബാധ കണ്ടെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനം. 2,51,777 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. മരണം-703. അതേസമയം, കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.
തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര സംഘത്തെ അയച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.