ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാജ്നാഥ് സിങ്, സ്മൃതി ഇറാനി എന്നിവരടക്കം 30പേരാണ് പട്ടികയിലുള്ളത്.
ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ജനുവരി മൂന്നാം വാരം മുതല്‍ ഉത്തര്‍പ്രദേശില്‍ പര്യടനം ആരംഭിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ബിജെപിക്ക് എതിരെ വിമത സ്വരമുയര്‍ത്തിയ വരുണ്‍ ഗാന്ധിയും അമ്മ മേനക ഗാന്ധിയും പട്ടികയിലില്ല. 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരകരായിരുന്നു രണ്ടുപേരും. ദേശീയ പ്രവര്‍ത്തക സമിതിയില്‍നിന്നും വരുണിനെയും മേനകയെയും ബിജെപി പുറത്താക്കിയിരുന്നു. പിന്നാലെ കര്‍ഷക സമരത്തെ തുണച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും വരുണ്‍ രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തിലും ലഖിംപുര്‍ ഖേരി കൂട്ടക്കൊലയിലും വരുണ്‍ ഗാന്ധി രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്.
അതേസമയം, നിഷാദ് പാര്‍ട്ടി, അപ്‌നാദള്‍ (എസ്) എന്നീ പാര്‍ട്ടികളുമായി 403 സീറ്റിലും സഖ്യത്തില്‍ മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ പ്രഖ്യാപിച്ചു.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒബിസി സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള അപ്നാദളും നിഷാദ് പാര്‍ട്ടിയും ബിജെപിയുടെ പഴയ സഖ്യകക്ഷികളാണ്. 2014 മുതല്‍ അപ്‌നാദാള്‍ സഖ്യകക്ഷിയായിട്ടുണ്ട്. 2019 മുതലാണ് നിഷാദ് പാര്‍ട്ടി ബിജെപിയുമായി സഖ്യത്തിലായത്. എന്നാല്‍ മുമ്പ് ലഭിച്ചതിനേക്കാള്‍ വലിയ സ്വീകാര്യതയാണ് ഇരുപാര്‍ട്ടികള്‍ക്കും ബിജെപി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴ് വരെ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുക.