തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ വാക്സിനേഷൻ ഓൺലൈനിൽ ഉൾപ്പെടുത്തുന്നതിന് മാർഗ രേഖയായി. വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള ‘സമ്പൂർണ’ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്യും. ഇതിനായി പ്രത്യേകം ഓൺലൈൻ ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. സ്കൂളുകൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
2007ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്സിൻ എടുക്കാവുന്നതാണ്. വാക്സിൻ എടുക്കാത്ത വിദ്യാർത്ഥികൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണം. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്കൂളുകളിൽ വാക്സിനെടുക്കാനായി പ്രത്യേക സംവിധാനമൊരുക്കി.സാധാരണ വാക്സിനേഷൻ കേന്ദ്രങ്ങൾ പോലെ സ്കൂൾ വാക്സിനേഷൻ കേന്ദ്രങ്ങളിലും വെയ്റ്റിംഗ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ ഉണ്ടായിരിക്കും. ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാർത്ഥികളെ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. ആധാറോ സ്കൂൾ ഐഡി കാർഡോ കുട്ടികൾ കയ്യിൽ കരുതണം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും.
വാക്സിനെടുത്ത ശേഷം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കും. ഇതിനായി സ്കൂളുകൾ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ഉറപ്പാക്കുന്നതാണ്. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെയായിരിക്കും സ്കൂളുകളിലെ വാക്സിനേഷൻ സമയം. സ്കൂളുകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് വാക്സിനേഷൻ സമയത്തിൽ മാറ്റം വന്നേക്കാം. 967 സ്കൂളുകളാണ്ഇ തിനായി സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം, കുട്ടികള്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥന് പറഞ്ഞു. അപകടസാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സിന് നല്‍കുക എന്നതാണ് പ്രധാനം. മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള ആളുകള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യം നിലവിലില്ല. ആരോഗ്യമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ലഭ്യമല്ലെന്നും അവർ പറഞ്ഞു. ഏതൊക്കെ വിഭാഗത്തിനാണ് ബൂസ്റ്റര്‍ ഡോസുകള്‍ കൂടുതലായി ആവശ്യം വരികയെന്ന് വിശദമായി പഠനം നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.