തൃശ്ശൂർ: തൃശൂരിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി അപകടം സൃഷ്ട്ടിച്ച വിദ്യാർത്ഥിയെ നാട്ടുകാർ തല്ലിച്ചതച്ചു. വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാർത്ഥി അമലിനാണ് ക്രൂര മർദ്ദനമേറ്റത്. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചത്.
ചീയാരം സ്വദേശി അമൽ ബൈക്കിൽ സഹപാഠിക്കൊപ്പം പോകുമ്പോഴാണ് സംഭവം നടന്നത്. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയപ്പോൾ പിറകിലിരുന്ന പെൺകുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലി എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നാട്ടുകാരും അമലും തമ്മിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ നാട്ടുകാർ അമലിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു വീഴ്ത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമലും നാട്ടുകാരെ ഇതിനിടെ മർദ്ദിച്ചുവെന്ന് പരാതി ഉണ്ട്.