തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് രൂക്ഷം. രണ്ടിലൊരാൾക്ക് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6911 പേർക്ക്. ടിപിആർ നിരക്ക് 48 ശതമാനമാണ്. നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും സംഘടനകൾ പരിപാടി നിർത്തിവെക്കണമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മന്ത്രി ആന്റണി രാജു പറഞ്ഞു.
മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കും. വിവാഹ പാർട്ടികളിൽ 50 പേരിൽ കൂടുന്നത് കർശനമായി നിയന്ത്രിക്കും. സംഘനകളുടെ പൊതുയോഗം അനുവദിക്കില്ലെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ ശക്തമായി നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ യോഗങ്ങളെല്ലാം ഓൺലൈനിൽ നടത്തണം. സംഘടനകളുടെ യോഗം അംഗീകരിക്കില്ല. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കും. വാഹനങ്ങളുടെ യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും. കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് ബൂസ്റ്റർ ഡോസ് കൊടുക്കുന്ന കാര്യം മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്ത് കോളജുകൾ അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പത്ത്, ഹയർ സെക്കൻഡറി ക്ലാസുകൾ കൂടി അടയ്ക്കണമെന്ന് സർക്കാരിന് ആരോഗ്യവിദഗ്ധർ ശിപാർശ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
രാത്രി ഒൻപതിന് ശേഷം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തടയണമെന്നും വാരാന്ത്യ ലോക്ഡൗണ്‍ ഏർപ്പെടുത്തണമെന്ന ശിപാർശയും സർക്കാരിന് മുന്നിലുണ്ട്. ബുധനാഴ്ച ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും.
അതേസമയം ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുത്തില്‍ കനത്ത ആശങ്ക. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സ്ഥിതി രൂക്ഷമാണ്. 25 ഡോക്ടർമാർ ഉൾപ്പടെ 107 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്ടർമാർ ഉൾപ്പടെ 17 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ മാത്രം മൂന്ന് ഡോക്ടർമാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡെന്റൽ, ഇഎൻടി വിഭാഗങ്ങള്‍ താൽകാലികമായി അടച്ചു. നേമം താലൂക്ക് ആശുപത്രിയിൽ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.